08:50pm 11 November 2026
NEWS
ശബരിമല സ്വർണക്കൊള്ള: ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞതനുസരിച്ചാണു പ്രവർത്തിച്ചതെന്ന് ഡി സുധീഷ് കുമാർ
01/11/2025  05:03 PM IST
nila
ശബരിമല സ്വർണക്കൊള്ള: ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞതനുസരിച്ചാണു പ്രവർത്തിച്ചതെന്ന് ഡി സുധീഷ് കുമാർ

തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞതനുസരിച്ചാണു പ്രവർത്തിച്ചതെന്ന് ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ ഡി.സുധീഷ്കുമാർ. കേസിലെ മൂന്നാം പ്രതിയാണ് സുധീഷ് കുമാർ.  ഫയൽ തിരുത്താൻ ദേവസ്വം ബോർഡ് ഉൾപ്പെടെ 5 പേർക്ക് അധികാരം ഉണ്ടായിരുന്നുവെന്നും സുധീഷ് കുമാർ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴിനൽകി. അറസ്റ്റ് രേഖപ്പെടുത്തി റാന്നി കോടതിയിൽ ഹാജരാക്കിയ സുധീഷ് കുമാറിനെ റിമാൻഡ് ചെയ്തു. എൻ.വാസു ദേവസ്വം പ്രസിഡന്റായിരുന്നപ്പോൾ എക്സിക്യൂട്ടീവ് ഓഫിസറായിരുന്നു ഡി സുധീഷ് കുമാർ. 

2019 ൽ ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളി ചെമ്പുപാളിയെന്ന റിപ്പോർട്ട് തയാറാക്കിയപ്പോൾ സുധീഷ്കുമാറിനായിരുന്നു നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ട ചുമതല. അന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ആയിരുന്നു മുരാരി ബാബു. സ്വർണപാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകാൻ രണ്ട് ഉദ്യോഗസ്ഥരും താൽപര്യമെടുത്തു എന്നാണ് പൊലീസ് പറയുന്നത്. സ്വർണപാളികളിൽനിന്ന് സ്വർണം വേർതിരിച്ചെടുത്തു മോഷ്ടിച്ച കേസിൽ ഒന്നാം പ്രതിയാണ് ഉണ്ണികൃഷ്ണൻ പോറ്റി.

പത്തനംതിട്ട ജില്ലയിലെ അടൂർ മണ്ണടി ദേശകല്ലുംമൂട്ടിലാണ് സുധീഷ് കുമാറിന്റെ വീട്. വിരമിച്ചശേഷം സിപിഎം പ്രവർത്തനങ്ങളിൽ സജീവമാണ്. സുധീഷിനെക്കുറിച്ച് നാട്ടിൽ ആർക്കും മോശം അഭിപ്രായമില്ല. എല്ലാവരോടും നല്ലരീതിയിൽ പെരുമാറുന്ന ആളാണ്. സാധാരണ രീതിയിൽ പണികഴിപ്പിച്ച ഇരുനിലവീടാണുള്ളത്. മകൻ സ്കൂളിൽ പ്യൂണായി ജോലി ചെയ്യുന്നു. മകളുടെ വിവാഹം കഴിഞ്ഞു. 

ഇന്നലെ ഉച്ചയോടെയാണ് പ്രത്യേക അന്വേഷണ സംഘം മണ്ണടിയിലെ വീട്ടിലെത്തിയത്. സിവിൽ ഡ്രസിലാണ് ഉദ്യോഗസ്ഥരെത്തിയത്. തിരിച്ചറിയൽ കാർഡ് കാണിച്ചശേഷം കസ്റ്റഡിയിൽ എടുക്കുകയാണെന്ന് അറിയിച്ചു. തിരുവനന്തപുരത്തേക്കു കൊണ്ടുപോകുകയാണെന്നു വീട്ടുകാരോടു പറഞ്ഞു. രാത്രിയോടെ തിരുവനന്തപുരത്തെത്തിച്ചു വിശദമായി ചോദ്യം ചെയ്തു. ഇന്ന് രാവിലെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img